തമിഴ്നാടിന് പ്രതിദിനം 8000 ക്യുസെക്സ് കാവേരി ജലം നൽകുന്നതിൽ എതിർപ്പില്ലെന്ന് കർണാടക

തമിഴ്നാടിന് പ്രതിദിനം 8000 ക്യുസെക്സ് കാവേരി ജലം നൽകുന്നതിൽ എതിർപ്പില്ലെന്ന് കർണാടക

ബെംഗളൂരു: തമിഴ്‌നാടിന് പ്രതിദിനം 8,000 ക്യുസെക്‌സ് വെള്ളം വിട്ടുനൽകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഞായറാഴ്ച ചേർന്ന സർവകക്ഷി യോഗത്തിന് ശേഷമാണ് തീരുമാനം. ജൂലൈ 31 വരെ പ്രതിദിനം ഒരു ടിഎംസി വെള്ളം (11,000 ക്യുസെക്‌സ്) തമിഴ്‌നാടിന് വിട്ടുനൽകണമെന്ന് കാവേരി വാട്ടർ മാനേജ്‌മെൻ്റ് അതോറിറ്റി (സിഡബ്ല്യുഎംഎ) കഴിഞ്ഞയാഴ്ച സംസ്ഥാനത്തോട് നിർദേശിച്ചിരുന്നു.

എല്ലാ പാർട്ടി നേതാക്കളുടെയും മൊത്തത്തിലുള്ള അഭിപ്രായം ദിവസവും ഒരു ടിഎംസി വെള്ളം വിട്ടുനൽകാൻ കഴിയില്ലെന്നാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. സർവകക്ഷി യോഗത്തിൽ പ്രതിപക്ഷ നേതാവ് ആർ. അശോക്, മുൻ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ, കാവേരി കമാൻഡ് ഏരിയയിലെ നിയമസഭാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

കൃഷ്ണരാജസാഗർ അണക്കെട്ട് (കെആർഎസ്) 54 ശതമാനം മാത്രമാണ് നിറഞ്ഞത്. കാവേരി നദീതടത്തിലെ എല്ലാ അണക്കെട്ടുകളിലെയും (കെആർഎസ്, കബനി, ഹാരംഗി, ഹേമാവതി) ജലനിരപ്പ് മുഴുവൻ ശേഷിയുടെ 63 ശതമാനമാണ്. ഇക്കാരണത്താൽ തന്നെ കൂടുതൽ വെള്ളം വിട്ടുനൽകുന്നത് സംസ്ഥാനത്തിന്റെ നിലനിൽപിനെ ബാധിക്കുമെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

ജലം അനുവദിക്കാത്തത് സംസ്ഥാനത്തെ പ്രശ്‌നത്തിലാക്കുമെന്ന നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് 8,000 ക്യുസെക്‌സ് വെള്ളം തുറന്നുവിട്ടത്. മഴയുടെ സ്ഥിതി മെച്ചപ്പെട്ടാൽ കൂടുതൽ വെള്ളം വിട്ടുനൽകാൻ കർണാടക തയ്യാറാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.

അതേസമയം, തമിഴ്‌നാടിന് വെള്ളം വിട്ടുനൽകുന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കാൻ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി ജൂലൈ 25 വരെ കാത്തിരിക്കണമെന്നാണ് കർണാടക സംസ്ഥാന ജലവിഭവ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും സംഘം അറിയിച്ചത്.

TAGS: KARNATAKA | CAUVERY WATER
SUMMARY: Will release only 8,000 cusecs to Tamil Nadu, says Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *