വിന്‍ഡോസ് തകരാര്‍; കേരളത്തില്‍ നിന്നുള്ള14 വിമാനങ്ങള്‍ റദ്ദാക്കി

വിന്‍ഡോസ് തകരാര്‍; കേരളത്തില്‍ നിന്നുള്ള14 വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി:  മൈക്രോ സോഫ്‌റ്റ് വിന്‍ഡോസ് തകരാര്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും കേരളത്തിലും പ്രശ്നങ്ങൾ സൃഷ്ടിച്ചു. വിമാനസർവീസുകളെയും വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയുമാണ് പ്രശ്നം പ്രധാനമായി ബാധിച്ചത്. കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള 14 വിമാനങ്ങള്‍ റദ്ദാക്കി. എട്ട് സര്‍വീസുകള്‍ വൈകുകയും ചെയ്തു. ഇതുമൂലം സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി.

ഇന്‍ഡിഗോയുടെയും എയര്‍ ഇന്ത്യുടെയും സര്‍വീസുകളാണ് പ്രധാനമായും മുടങ്ങിയയത്. ചില വിമാനങ്ങള്‍ സമയം പുനഃക്രമീകരിച്ചാണ് പിന്നീട് സര്‍വീസ് നടത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ രാത്രി ഷെഡ്യൂള്‍ ചെയ്ത മൂന്ന് സര്‍വീസുകളാണ് റദ്ദാക്കിയത്. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോയുടെ സര്‍വീസുകളും തിരിച്ചുമുള്ള സര്‍വീസുകളുമാണ് റദ്ദാക്കിയത്. മറ്റ് സര്‍വീസുകളൊന്നും റദ്ദാക്കിയിട്ടില്ലെന്നും യാത്രക്കാരെ സഹായിക്കാന്‍ ടെര്‍മിനലില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

കൊച്ചിയില്‍ നിന്നുള്ള ആറ് ഇന്‍ഡിഗോ വിമാനങ്ങളും ഒരു എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനവുമാണ് റദ്ദാക്കിയത്. ഇവ ബെംഗളൂരു, ഹൈദരാബാദ് എന്നീ സെക്ടറുകളിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ്. ഇന്‍ഡിഗോയുടെ കൊച്ചിയില്‍ നിന്നുള്ള ആറ് വിമാനങ്ങളാണ് വൈകിയത്. ഇവ 52 മുതല്‍ 145 മിനുട്ട് വരെ വൈകി. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഒരു വിമാനം 90 മിനുട്ടും സ്‌പൈസ് ജെറ്റിന്റെ വിമാനം 60 മിനുട്ടുമാണ് വൈകിയത്.

കരിപ്പൂരില്‍ നിന്ന് ഇന്നലെ രാവിലെ പുറപ്പെടേണ്ടിയിരുന്ന അന്താരാഷ്ട്ര സര്‍വീസുകളെ മൈക്രോസോഫ്റ്റ് തകരാർ ബാധിച്ചെങ്കിലും പിന്നീട് സാധാരണ ഗതിയിലായി. ഉച്ചക്ക് ശേഷം വീണ്ടും തകരാറിലായതോടെ എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ അന്താരാഷ്ട്ര സര്‍വീസുകളെ ബാധിച്ചു. ഉച്ചക്ക് 2.25ന് പുറപ്പെടേണ്ട ദുബൈ വിമാനം വൈകുന്നേരം 4.10നും രാത്രി 7.30ന് പുറപ്പെടേണ്ട ഷാര്‍ജ വിമാനം രാത്രി ഒമ്പതിനും രാത്രി 8.25ന് പുറപ്പെടേണ്ട റിയാദ് വിമാനം 10 നും 8.50 നുള്ള ദമാം വിമാനം 10.50 നുമാണ് പുറപ്പെട്ടത്. ഇന്‍ഡിഗോയുടെ ഡല്‍ഹി സര്‍വീസും റദ്ദാക്കിയിരുന്നു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ ഉച്ചക്കുള്ള ഇന്‍ഡിഗോയുടെ മുംബൈ, ബെംഗളൂരു സര്‍വീസുകളും വൈകീട്ടുള്ള ദോഹ സര്‍വീസും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഷാര്‍ജ സര്‍വീസുമാണ് വൈകിയത്. റാസല്‍ ഖൈമ, ദുബൈ, ഹൈദരാബാദ് സര്‍വീസുകളെയും തകരാർ ബാധിച്ചു

മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാർ ബെംഗളൂരുവിലെ വിമാനസർവീസുകളെയും ബാധിച്ചു. കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്റെ ഒന്നാം ടെർമിനലിൽ ഇൻഡിഗോ, ആകാശ എയർ, സ്‌പൈസ് ജെറ്റ് വിമാനങ്ങളുടെയും രണ്ടാം ടെർമിനലിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനങ്ങളുടെയും ചെക്ക് ഇൻ നടപടികളെയാണ്  പ്രശ്നം തടസപ്പെടുത്തിയത്.

 

<br>
TAGS : WINDOWS BREAKDOWN | FLIGHT CANCELLED
SUMMARY : Windows crash: 14 flights from Kerala canceled

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *