ഇന്ത്യ മുന്നണിയുടെ 8500 രൂപ വാഗ്ദാനം; അക്കൗണ്ട് തുറക്കാൻ പോസ്റ്റ്‌ ഓഫിസിൽ സ്ത്രീകളുടെ തിരക്ക്

ഇന്ത്യ മുന്നണിയുടെ 8500 രൂപ വാഗ്ദാനം; അക്കൗണ്ട് തുറക്കാൻ പോസ്റ്റ്‌ ഓഫിസിൽ സ്ത്രീകളുടെ തിരക്ക്

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ പ്രതിമാസം 8,500 രൂപ വീതം സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എത്തുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് പോസ്റ്റോഫീസുകളിൽ കൂട്ടത്തോടെ അക്കൗണ്ട് തുറക്കാനത്തി സ്ത്രീകൾ. ഇന്ത്യ സംഖ്യം അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ബെംഗളൂരുവിലെ വിവിധ പോസ്റ്റ് ഓഫീസ് പെയ്മെന്റ് ബാങ്കിൽ (ഐ.പി.പി.ബി) സേവിങ്സ് അക്കൗണ്ട് തുറക്കാനായി സ്ത്രീകൾ തിരക്കിട്ടെത്തുന്നത്.

ശിവാജിനഗർ, ചാമരാജ്പേട്ട് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുമുള്ള സ്ത്രീകളാണ് ഇത്തരത്തിൽ കൂട്ടത്തോടെ അക്കൗണ്ട് തുറക്കാനായി എത്തിയത്. തപാൽ വകുപ്പ് 2000 മുതൽ 8500 രൂപ വരെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുമെന്ന് കരുതിയാണ് പലരും പുതിയ ഐ.പി.പി.ബി. അക്കൗണ്ട് തുറക്കാനെത്തുന്നതെന്ന് ബെംഗളൂരു ജനറൽ പോസ്റ്റ് ഓഫീസിലെ ചീഫ് പോസ്റ്റ് മാസ്റ്റർ എച്ച്.എം. മൻജേഷ് പറഞ്ഞു.

എന്നാൽ നിലവിൽ അത്തരത്തിലൊരു നിക്ഷേപവും ആരും നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് ആരോ നടത്തിയ വ്യാജ പ്രചാരണമാണ്. തപാൽ വകുപ്പ് ഇത്തരത്തിൽ ഒരു തുകയും നൽകുന്നില്ല. എന്നാൽ സ്ത്രീകൾ അക്കൗണ്ട് തുറക്കുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യങ്ങൾ അക്കൗണ്ട് തുറക്കാനെത്തുന്ന സ്ത്രീകളോട് പോസ്റ്റ് ഓഫീസിലെ ജീവനക്കാർ വിശദീകരിക്കുന്നുണ്ട്. കൂടാതെ ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ പോസ്റ്റ് ഓഫീസുകളിൽ പതിച്ചിട്ടുമുണ്ട്. ഇത് അറിഞ്ഞശേഷവും അക്കൗണ്ട് തുറക്കണമെന്ന് ആവശ്യപ്പെടുന്നവർക്ക് അത് ചെയ്തുകൊടുക്കുമെന്ന് മഞ്ചേഷ് കൂട്ടിച്ചേർത്തു.

നേരത്തേ 50 മുതൽ 60 വരെ പുതിയ അക്കൗണ്ടുകൾ തുറന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ 500 മുതൽ 600 വരെ അക്കൗണ്ടുകളാണ് തുറക്കപ്പെടുന്നതെന്നും ചിലദിവസങ്ങളിൽ 1000 അക്കൗണ്ടുകൾ വരെ തുറന്നിട്ടുണ്ടെന്നും പോസ്റ്റ് ഓഫീസ് അധികൃതർ പറഞ്ഞു. ദരിദ്രകുടുംബങ്ങളിലെ ഗൃഹനാഥയായ സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 2000 രൂപ നൽകുന്ന കർണാടക സർക്കാരിന്റെ ഗൃഹലക്ഷ്മി ഗ്യാരണ്ടി പദ്ധതി സംസ്ഥാനത്ത് നിലവിലുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *