സ്ത്രീധനപീഡനം; യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

സ്ത്രീധനപീഡനം; യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സഹകാർ നഗർ സ്വദേശി മാനസയാണ് (24) മരിച്ചത്. സ്ത്രീധനപീഡനം കാരണം യുവതി സ്വയം ജീവനൊടുക്കിയതാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ മാനസയുടെ ഭർത്താവ് കോലാർ തൂരണ്ടഹള്ളി സ്വദേശി ഉല്ലാസ് ഗൗഡയ്ക്കെതിരെയും ഇയാളുടെ മാതാപിതാക്കൾക്കെതിരെയും കേസെടുത്തു.

ഒരു വർഷം മുമ്പാണ് മാനസയും ഉല്ലാസും വിവാഹിതരായത്. സ്ത്രീധനത്തിൻ്റെ പേരിൽ ഉല്ലാസ് ഗൗഡയുടെ കുടുംബാംഗങ്ങൾ മാനസയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇരു കുടുംബങ്ങളും ചേർന്ന് രണ്ട് മൂന്ന് തവണ ഒത്തുതീർപ്പ് ചർച്ചകളും ആലോചനകളും നടത്തിയിട്ടും പ്രശ്നം പരിഹരിക്കാൻ സാധിച്ചിരുന്നില്ല. യുവതിയിൽ നിന്ന് കൂടുതൽ പണം വേണമെന്നായിരുന്നു ഉല്ലാസിന്റെയും കുടുംബത്തിന്റെയും ആവശ്യം.

എന്നാൽ പണം നൽകാതായതോടെ ഉല്ലാസ്, മാനസയെ അവളുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് തിരിച്ചയച്ചു. പിന്നീട് വിവാഹമോചനവുമായി മുന്നോട്ടുപോകാൻ മാനസയ്ക്ക് വക്കീൽ മുഖേന നോട്ടീസ് അയച്ചു. കഴിഞ്ഞ ദിവസം മാനസ ഉല്ലാസിന്റെ വീട്ടിലേക്ക് പോകുകയും, ഇവിടെ വെച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മാനസയുടെ പക്കൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തൻ്റെ മരണത്തിന് ആരും ഉത്തരവാദികളല്ല. താൻ കാരണം ഭർത്താവ് ഉല്ലാസിൻ്റെ കുടുംബം കഷ്ടപ്പെടുന്നു. ഇക്കാരണത്താലാണ് ജീവനൊടുക്കുന്നതെന്നും കുറിപ്പിലുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കോലാർ പോലീസ് കേസെടുത്തു.

TAGS: KARNATAKA | CRIME
SUMMARY: Woman ends life over dowry harassment inside husband home

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *