യെദിയൂരപ്പക്കെതിരെ പീഡനപരാതി നൽകിയ സ്ത്രീയുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ

യെദിയൂരപ്പക്കെതിരെ പീഡനപരാതി നൽകിയ സ്ത്രീയുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ

ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി. എസ്. യെദിയൂരപ്പക്കെതിരെ പോക്സോ പരാതി നൽകിയ സ്ത്രീയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷൻ. 17കാരിയായ തന്റെ മകളെ യെദിയൂരപ്പ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ത്രീ പരാതി നൽകിയത്. ഇവരുടെ മരണത്തിലും സംസ്‌കാരത്തിലും ദുരൂഹതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കമ്മീഷൻ ബെംഗളൂരു പോലീസിനോട് റിപ്പോർട്ട് തേടിയിരിക്കുന്നത്.

സംഭവത്തിൽ വേഗത്തിലും സമഗ്രമായും അന്വേഷണം നടത്തണമെന്നാണ് കമ്മീഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി ബെംഗളൂരു പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് സിഐഡിയാണ് നിലവിൽ അന്വേഷിക്കുന്നത്.

സഹായം തേടിയെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴിഞ്ഞ ഫെബ്രുവരി രണ്ടിന് യെദിയൂരപ്പ പീഡിപ്പിച്ചെന്നാണ് പരാതി. മാർച്ച് 14നാണ് അദ്ദേഹത്തിനെതിരെ പെൺകുട്ടിയുടെ അമ്മ സദാശിവനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് പോക്‌സോ കേസെടുക്കുകയും ചെയ്തു. പിന്നാലെ ഈ വർഷം മെയിൽ സ്ത്രീ മരിക്കുകയും ചെയ്തു. എന്നാൽ, സ്ത്രീയുടെ മരണത്തിലും മൃതദേഹം സംസ്കരിച്ചതിലും വനിതാ കമ്മീഷൻ സംശയം ഉന്നയിച്ചു.

സ്ത്രീയുടെ പോസ്റ്റ്മോർട്ടം നടത്താൻ അധികൃതർ തയാറായില്ലെന്ന് ചൂണ്ടിക്കാട്ടി മകനും ചില സംഘടനകളും കമ്മീഷന് പരാതി നൽകിയിരുന്നു. പോസ്റ്റ്‌മോർട്ടം നടത്താത്തതിൽ ദുരൂഹതയുണ്ട്. പരാതി ലഭിച്ചാൽ അത് അന്വേഷിക്കാൻ പോലീസ് ബാധ്യസ്ഥരാണ് എന്ന് കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

TAGS: BENGALURU | BS YEDIYURAPPA
SUMMARY: Women’s panel seeks probe into death of woman who accused Yediyurappa of assault

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *