എഴുത്തുകാരി പ്രൊഫ. ബി. സുലോചന നായര്‍ അന്തരിച്ചു

എഴുത്തുകാരി പ്രൊഫ. ബി. സുലോചന നായര്‍ അന്തരിച്ചു

തിരുവനന്തപുരം: എഴുത്തുകാരിയും അധ്യാപികയുമായ പ്രൊഫ. ബി. സുലോചന നായര്‍ (94) അന്തരിച്ചു. വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബിനു പുറകുവശം ഉദാരശിരോമണി റോഡ് ‘വന്ദന’യില്‍ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

നിരൂപക, പ്രഭാഷക, വിദ്യാഭ്യാസ വിചക്ഷക, സാമൂഹികപ്രവര്‍ത്തക എന്നീനിലകളില്‍ പ്രശസ്തയായിരുന്നു സുലോചനാ നായര്‍. കന്യാകുമാരി ജില്ലയിലെ കുളച്ചലില്‍ 1931-ലാണ് ജനനം. വിമെന്‍സ് കോളേജിലും യൂണിവേഴ്സിറ്റി കോളേജിലുമായിരുന്നു പഠനം. 1955-ല്‍ മലയാളം അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ കലാലയങ്ങളില്‍ 30 വര്‍ഷത്തോളം അധ്യാപികയായി സേവനമനുഷ്ഠിച്ചു.

1985-ല്‍ തിരുവനന്തപുരം ഗവ. വിമെന്‍സ് കോളേജില്‍ നിന്നു വിരമിക്കുന്നതിനിടെ എന്‍.എസ്.എസ്. വനിതാ കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, ചിറ്റൂര്‍ ഗവ. കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ ലക്ചററായും പ്രൊഫസറായും പ്രവര്‍ത്തിച്ചു. ആനുകാലികങ്ങളില്‍ നിരവധി ആധ്യാത്മിക സാഹിത്യലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാഗവതം അമര്‍ത്യതയുടെ സംഗീതം, വിവേകാനന്ദന്‍ കവിയും ഗായകനും, ഏകാകിനികള്‍, തേജസ്വിനികള്‍, ഇലിയഡ് (സംഗൃഹീതപുനരാഖ്യാനം), വില്വപത്രം, തീര്‍ഥഭൂമികള്‍, നവോത്ഥാന സദസ്സിലെ അമൃത തേജസ്സ്, ശ്രീരാമകൃഷ്ണ പരമഹംസന്‍ എന്നിവയാണ് പ്രധാന കൃതികള്‍.

TAGS : B SULOCHANA NAIR | PASSED AWAY
SUMMARY : Writer Prof. B. Sulochana Nair passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *