പോക്സോ കേസ്; പരാതി ഒത്തുതീർപ്പാക്കാൻ യെദിയൂരപ്പ പണം നൽകിയെന്ന് അന്വേഷണ സംഘം

പോക്സോ കേസ്; പരാതി ഒത്തുതീർപ്പാക്കാൻ യെദിയൂരപ്പ പണം നൽകിയെന്ന് അന്വേഷണ സംഘം

ബെംഗളൂരു: പോക്സോ കേസ് ഒത്തുതീർപ്പാക്കാൻ ഇരയുടെ കുടുംബത്തിന് മുൻ മുഖ്യമന്ത്രി ബി. എസ്. യെദിയൂരപ്പ പണം വാഗ്ദാനം ചെയ്തിരുന്നുവെന്ന് അന്വേഷണ സംഘം. കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് കേസ് അന്വേഷിക്കുന്ന സിഐഡി ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വർഷം മാർച്ചിൽ രജിസ്‌റ്റർ ചെയ്‌ത പോക്സോ കേസിലാണ് കർണാടക പോലീസിന്‍റെ ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് (സിഐഡി) കുറ്റപത്രം സമർപ്പിച്ചത്. സദാശിവനഗർ പോലീസ് സ്റ്റേഷനിൽ രജിസ്‌റ്റർ ചെയ്ത കേസ് പിന്നീട് വിശദ അന്വേഷണത്തിന് സിഐഡിക്ക് കൈമാറിയിരുന്നു.

ഈ വർഷം ഫെബ്രുവരി രണ്ടിന് ഡോളേഴ്‌സ് കോളനിയിലെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്‌ചയ്ക്കിടെ മകളെ പീഡിപ്പിച്ചെന്ന പതിനേഴുകാരിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എന്നാൽ താൻ തെറ്റൊന്നും ചെയ്‌തിട്ടില്ല എന്ന് പറഞ്ഞ് ബി.എസ്. യെദിയൂരപ്പ കുറ്റം നിഷേധിച്ചു. തനിക്കെതിരായ ഗൂഢാലോചനയിൽ ഏർപ്പെടുന്നവരെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ 750 പേജുള്ള കുറ്റപത്രമാണ് സിഐഡി സമർപ്പിച്ചത്.  യെദിയൂരപ്പക്കെതിരെ ആരോപണം ഉന്നയിച്ച 54 കാരി ശ്വാസകോശ അർബുദം ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ മാസം മരിച്ചിരുന്നു.

മാസങ്ങൾ മുമ്പ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടും കേസിൽ ഒരു പുരോ​ഗതിയും ഉണ്ടായിട്ടില്ലെന്ന് ആരോപിച്ച് പെൺകുട്ടിയുടെ സഹോദരൻ ഈ മാസം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. യെദിയൂരപ്പയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. എന്നാൽ, കേസിൽ യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടയുകയായിരുന്നു.

TAGS: KARNATAKA | BS YEDIYURAPPA
SUMMARY: CID chargesheet reveals yediyurappa offered money to pocso case victim

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *